തിരൂർ: തിരൂരിലെ തുഞ്ചൻപറമ്പ് റോഡിൽ റോഡരികിൽ നിന്നും കണ്ടെത്തിയ അരലക്ഷം രൂപ പോലീസിൽ ഏൽപ്പിച്ച വീട്ടമ്മയെ തിരൂർ ജനമൈത്രി പോലീസും തിരൂർ കടലോര ജാഗ്രത സമിതിയും ചേർന്ന് ആദരിച്ചു.
പറവണ്ണ കാഞ്ഞിരക്കുറ്റി സ്വദേശിയായ വി.പി.ഒ. ഹൗസിലെ ഷൈജൽ, ഭാര്യ ഫാസില, മക്കളായ ലൈബ സൈനബ്, ഹൈസ സൈനബ് എന്നിവരാണ് ഈ മാതൃകാപരമായ പ്രവൃത്തിയിലൂടെ സമൂഹത്തിൽ മനുഷ്യനന്മയുടെ പ്രകാശമായത്.
കഴിഞ്ഞദിവസം കുടുംബസമേതം യാത്ര ചെയ്യുന്നതിനിടെ, തിരൂർ തുഞ്ചൻപറമ്പ് റോഡിൽ ശിഹാബ് തങ്ങൾ ആശുപത്രിക്ക് സമീപം നോട്ടുകെട്ടുകൾ കിടക്കുന്നതായി ഇവരുടെ ശ്രദ്ധയിൽ പ്പെടുകയായിരുന്നു. ഉടൻ വാഹനം നിർത്തി പണം സുരക്ഷിതമായി എടുത്ത് സമീപത്തെ കടകളിൽ വിവരമറിയിച്ച്, പിന്നീട് തിരൂർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും ചെയ്തു.
തുടർന്ന് തിരൂർ പോലീസ് സ്റ്റേഷൻ SHO മുഹമ്മദ് റഫീഖിൻ്റെ നേതൃർത്വത്തിൽ നടത്തിയ അന്വേഷണത്തിൽ, ഏഴൂർ സ്വദേശിയായ ഒരാൾ ആശുപത്രിയിൽ കിടക്കുന്ന ബന്ധുവിനെ കാണാൻ പോയപ്പോഴാണ് അബദ്ധത്തിൽ മുണ്ടിന്റെ മടിയിൽ നിന്നു പണം വീണതെന്ന് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളും നാട്ടുകാരുടെ വിവരങ്ങളും പരിശോധിച്ച് പണം യഥാർത്ഥ ഉടമയ്ക്ക് തിരികെ കൈമാറി.
തിരൂർ ജനമൈത്രി പോലീസും കടലോര ജാഗ്രത സമിതിയും ഷൈജലിന്റെയും കുടുംബത്തിന്റെയും വീട്ടിൽ പോയി ഇവരെ ആദരിച്ചു. തിരൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് മധുരസമ്മാനം കൈമാറി. സത്യസന്ധത പണത്തേക്കാൾ വിലയുള്ളതാണെന്ന്
സമൂഹത്തിന് കാണിച്ച് നൽകിയത് മഹത്തായ മാതൃകയാണെന്ന്
എസ്.ഐ. നസീർ തിരൂർക്കാട് പറഞ്ഞു.
ചടങ്ങിൽ കടലോര ജാഗ്രത സമിതി അംഗങ്ങളായ സലാം താണിക്കാട്, ഇസ്ഹാഖ് എ.പി., സി.പി. കുഞ്ഞിമുഹമ്മദ്, സിറാജ് പറവണ്ണ, മൊയ്തീൻ കാഞ്ഞിരക്കുറ്റി എന്നിവരും പോലീസ് ഉദ്യോഗസ്ഥനായ ദിൽജിത്ത് സി.ആർ.
പങ്കെടുത്തു.
0 Comments