കോട്ടയ്ക്കൽ • ആറുവരിപ്പാതയിൽ കോട്ടയ്ക്കലിലെ ചെന്നയ്ക്കൽ സ്വാഗതമാട് ജങ്ഷനിൽ തൃശ്ശൂർ ദിശയിലും എക്സിറ്റ് അനുവദിച്ചു. നിലവിൽ ആറുവരിപ്പാതയിലേക്ക് കയറുന്ന എൻട്രി പോയിന്റിന് അല്പം മുൻപായാണ് എക്സിറ്റ് വരുന്നത്.
ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥരും ജോലിക്കാരുമെത്തി ഞായറാഴ്ച വൈകീട്ട് എക്സിറ്റ് തുറക്കേണ്ട സ്ഥലം അടയാളപ്പെടുത്തി. ഈ ഭാഗത്തെ തെരുവുവിളക്ക് മാറ്റുന്ന ജോലികൾ ഞായറാഴ്ച തന്നെ പൂർത്തീകരിച്ചു. എക്സിറ്റിനായി ഈ വശത്തെ ഭിത്തി വെട്ടുന്ന ജോലി തിങ്കളാഴ്ച തുടങ്ങും. കോഴിക്കോട് ദിശയിലേക്ക് എക്സിറ്റും തൃശ്ശൂർ ദിശയിലേക്ക് എൻട്രിയുമാണ് നിലവിൽ ചെന്നയ്ക്കലിലുണ്ടായിരുന്നത്. തൃശ്ശൂർ ഭാഗത്തേക്കുള്ള പാതയിൽ പുതിയ എക്സിറ്റ് വരുന്നതോടെ കോട്ടയ്ക്കൽ ടൗൺ, ആര്യവൈദ്യശാല തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള യാത്രക്കാർക്ക് വലിയ ആശ്വാസമാകും. നിലവിൽ ഈ ഭാഗത്തേക്കും തിരൂർ ഭാഗത്തേക്കുമുള്ളവരെല്ലാം അതിനുതാഴെയുള്ള ജങ്ഷൻ മുതൽ ചങ്കുവെട്ടി, കോട്ടയ്ക്കൽ ടൗൺ എന്നിവിടങ്ങളിലെല്ലാം പലപ്പോഴും വലിയ ഗതാഗതക്കുരുക്കുണ്ടാക്കാറുണ്ട്.
ചെന്നയ്ക്കലിലെ പുതിയ എക്സിറ്റിലൂടെ ഇറങ്ങിയാൽ ചെന്നയ്ക്കൽ - ആര്യവൈദ്യശാല റോഡിലേക്ക് എളുപ്പത്തിൽ കടക്കാം. രാജാസ് റോഡിലൂടെയും കോട്ടയ്ക്കലിലേക്ക് തിരക്കില്ലാതെ പോകാം. ഇപ്പോൾ മമ്മാലിപ്പടി എക്സിറ്റിലൂടെ ഇറങ്ങി ചങ്കുവെട്ടിവഴി ആളുകളെക്കയറ്റി ചെന്നയ്ക്കലിലെ എൻട്രൻസ് വഴി ആറുവരിപ്പാതയിലേക്ക് കയറുന്ന ദീർഘദൂര ബസുകാർക്കും ചെന്നയ്ക്കലിൽനിന്നിറങ്ങി തിരിച്ച് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ബസുകാർക്കും ഈ ഭാഗത്തെ തിരക്കൊഴിയുന്നത് ആശ്വാസമാകും. ചെന്നയ്ക്കലിൽ തൃശ്ശൂർ ദിശയിൽ എക്സിറ്റ് ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ മാർച്ച് 25-ന് കോട്ടയ്ക്കൽ നഗരസഭാധ്യക്ഷൻ കെ.കെ. നാസർ ദേശീയപാതാ അതോറിറ്റിക്ക് കത്തയച്ചിരുന്നു. മറുഭാഗത്ത് കോഴിക്കോട് ദിശയിലേക്ക് എൻട്രിയുമുൾപ്പെടെ ഈ രണ്ടാവശ്യങ്ങളും ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി.യും പലതവണ ഉന്നയിച്ചിരുന്നു.
0 Comments