കുറ്റിപ്പുറം: എംപയർ കോളേജ് ഓഫ് സയൻസ്, കുറ്റിപ്പുറം സംഘടിപ്പിക്കുന്ന മെഗാ കോൺവൊക്കേഷൻ ചടങ്ങായ ‘സമാവർത്തന 2.0’ 2026 ജനുവരി 7-ന് മലപ്പുറം റോസ് ലോഞ്ച് ഒഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്.
വാർത്താ സമ്മേളനത്തിൽ കോളേജ് റജിസ്ട്രാർ ടി. വി. ശ്രീകുമാർ, വൈസ് പ്രിൻസിപ്പൽ രഞ്ജുഷ രാധാകൃഷ്ണൻ, ഹെൽത്ത് സയൻസ് ഡയറക്ടർ വിശാഖ് ഉണ്ണി എന്നിവർ സംസാരിച്ചു.
മെഗാ കോൺവൊക്കേഷൻ പരിപാടി ബഹുമാന്യനായ പൊന്നാനി എം.പി. ഡോ. അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്യും. മലപ്പുറം എം.എൽ.എ. പി.ഉബൈദുള്ള മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുക്കും.
മറ്റു വിശിഷ്ടാതിഥികളായി അഡ്വ. നജ്മ തബ്‌സീറ (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പെരിന്തൽമണ്ണ), റഷീദ് കിഴിശ്ശേരി (കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് അംഗം), നന്ദകുമാർ (ജെയിൻ യൂണിവേഴ്സിറ്റി റീജിയണൽ മാനേജർ – ജെയിൻ സ്കിൽസ്), ഡോ. പി. ജെ. വിന്സെന്റ് (മുൻ പരീക്ഷാ കൺട്രോളർ, കണ്ണൂർ സർവകലാശാല), ഡോ. ഹരി പി. എസ്. (സീനിയർ റേഡിയോളജിസ്റ്റ് & ചീഫ് ഓഫ് മെഡിക്കൽ സർവീസസ്, ആസ്റ്റർ മിംസ്, കോട്ടക്കൽ), വി. ടി. ബാലറാം (മുൻ എം.എൽ.എ., ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവ്, കെ.പി.സി.സി. വൈസ് പ്രസിഡന്റ്) ഡോ. കെ. പി. വഹീദ (മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം) എന്നിവർ പങ്കെടുക്കുമെന്ന് അറിയിച്ചു.
വിദ്യാർത്ഥികളുടെ അക്കാദമിക് നേട്ടങ്ങളെ ആദരിക്കുന്നതിനും അവരുടെ വിദ്യാഭ്യാസ ജീവിതത്തിലെ ഒരു പ്രധാന ഘട്ടത്തിന് ഔപചാരിക സമാപനം കുറിക്കുന്നതിനുമായാണ് കോൺവൊക്കേഷൻ സംഘടിപ്പിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. വിദ്യാഭ്യാസ നിലവാരത്തിലും ശാസ്ത്രീയ മികവിലും എംപയർ കോളേജ് കൈവരിച്ച മുന്നേറ്റങ്ങളുടെ പ്രതിഫലനമായിരിക്കും ‘സമാവർത്തന 2.0’ എന്നും അവർ പറഞ്ഞു.
ചടങ്ങ് ഭംഗിയോടെയും ഗൗരവത്തോടെയും വിജയകരമായി നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പുരോഗമിക്കുകയാണെന്നും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
0 Comments