പെരിന്തല്‍മണ്ണ, പട്ടാമ്പി, കുറ്റിപ്പുറം ഭാഗങ്ങളില്‍ നിന്നു വരുന്ന വാഹനങ്ങള്‍ ടൗണ്‍ ജംക്ഷനിലെത്തുന്നതോടെ ഊരാക്കുടുക്കില്‍ അകപ്പെടും. ഈ വാഹനങ്ങള്‍ക്ക് ഇവിടെ നിന്ന് തിരിഞ്ഞു പോകാന്‍ കഴിയാതെ വരുമ്പോഴാണു ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത്. ഓണം ദിനങ്ങളില്‍ പോലും ടൗണിലെങ്ങും വാഹനങ്ങളുടെ നീണ്ട നിരയാണ് അനുഭവപ്പെട്ടത്. കാല്‍നടയാത്ര പോലും ദുരിതത്തിലായി.
സെന്‍ട്രല്‍ ജംക്ഷനില്‍ ഗതാഗത നിയന്ത്രണത്തിനു പൊലീസ് സംവിധാനമുണ്ടെങ്കിലും കുരുക്കിനു കുറവൊന്നുമില്ല. നഗരത്തില്‍ വരേണ്ടതില്ലാത്ത വാഹനങ്ങള്‍ മൂച്ചിക്കല്‍ വട്ടപ്പാറ വയഡക്ട് വഴി കടന്നു പോകുന്നതിനു സൗകര്യമൊരുക്കിയിട്ടുണ്ടെങ്കിലും പല വാഹനങ്ങളും ഇതു പ്രയോജനപ്പെടുത്തുന്നില്ലെന്ന് ഡ്രൈവര്‍മാര്‍ തന്നെ പരാതിപ്പെടുന്നു. നഗരത്തിലെ അനധികൃത പാര്‍ക്കിങ്ങും കുരുക്കു മുറുകാന്‍ കാരണമാകുന്നുണ്ട്.
അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കണമെന്ന് അധികൃതര്‍ പലകുറി നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും തോന്നിയിടത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തു പോകുന്നതിന് ഇപ്പോഴും അവസാനമൊന്നുമില്ല. അനധികൃത പാര്‍ക്കിംഗുകാര്‍ക്ക് പിഴ ഈടാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരു ഫലവുമില്ല. നഗരത്തില്‍ നോ പാര്‍ക്കിംഗ് ബോര്‍ഡ് സ്ഥാപിച്ചിട്ടില്ല. റോഡിലുണ്ടായിരുന്ന സീബ്രാ ക്രോസിംഗ് ലൈനുകള്‍ എല്ലാം മാഞ്ഞു പോയിരിക്കുന്നു. ഇത്രയൊക്കെ നഗരം ഗതാഗതക്കുരുക്കിന്റെ ചക്രവ്യൂഹത്തില്‍ പെട്ട് കിടക്കുമ്പോഴും എന്തെങ്കിലും നടപടി സ്വീകരിക്കേണ്ട അധികൃതര്‍ ഉറക്കം നടിക്കുകയാണ്.
0 Comments