പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി താനൂര്‍ ജി എം എല്‍ പി സ്‌കൂളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച പുതിയ കെട്ടിടത്തിന്റെയും ചുറ്റുമതിലിന്റെയും കവാടത്തിന്റെയും ഉദ്ഘാടനം ന്യൂനപക്ഷ ക്ഷേമ- കായിക -വഖഫ് വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍ നിര്‍വഹിച്ചു. പൊതു വിദ്യാഭ്യാസ രംഗത്തെ മാറ്റം മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളിലും കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. മിക്ക വിദ്യാലയങ്ങളും മികവിന്റെ പാതയിലാണ്. കേരളത്തില്‍ ആദ്യമായി വാന നിരീക്ഷണ കേന്ദ്രം താനൂര്‍ ഫിഷറീസ് സ്‌കൂളില്‍ സ്ഥാപിതമാവുകയാണ്. ഒപ്പം തന്നെ അപൂര്‍വയിനം മത്സ്യങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ജില്ലയിലെ ഏറ്റവും വലിയ അക്വേറിയവും ഫിഷറീസ് സ്‌കൂളില്‍ ഒരുങ്ങുന്നുണ്ട്. കൂടാതെ കലാ-കായികമേള നടത്താന്‍ ഉതകുന്ന രീതിയില്‍ വിസ്താരമുള്ള സ്റ്റേഡിയം ഇവിടെ ഒരുങ്ങും. ഇത്തരത്തില്‍ തീരദേശ മേഖലയിലെ എല്‍പി, യുപി വിദ്യാലയങ്ങള്‍ക്ക് മാത്രം നാലുകോടി രൂപ ചെലവഴിച്ചു കഴിഞ്ഞു. മണ്ഡലത്തിലെ
സ്‌കൂളുകള്‍ക്കായി 200 കോടി രൂപ ചെലവിട്ടു. താനൂര്‍ ഗവണ്‍മെന്റ് കോളേജില്‍ 32 കോടി രൂപയുടെ പദ്ധതികളാണ് നടന്നുവരുന്നതെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. എടക്കടപ്പുറം ജി എല്‍ പി എസില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കെട്ടിടത്തിന് മുകളിലേക്ക് പുതിയ മൂന്നു ക്ലാസ് റൂം കം ഹാള്‍ നിര്‍മ്മിക്കുന്നതിലേക്കായി 60 ലക്ഷം രൂപ അനുവദിച്ചതായും പെണ്‍കുട്ടികള്‍ക്കായി പ്രത്യേകം ടോയ്‌ലറ്റ് കോംപ്ലക്‌സ് നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഒരു കോടി രൂപ വകയിരുത്തിയാണ് എടക്കടപ്പുറം ജിഎംഎല്‍പി സ്‌കൂളിലെ മൂന്നു ക്ലാസ് മുറികളും ശുചിമുറികളും അടങ്ങുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം നടന്നത്. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം ചെലവിട്ട് ചുറ്റുമതിലോടു കൂടിയ കവാടവും നിര്‍മ്മിച്ചു.ചടങ്ങില്‍ എല്‍എസ്എസ് വിജയികള്‍ക്കുള്ള അനുമോദനവും നടന്നു.
സ്‌കൂള്‍ എച്ച് എം ലാല്‍കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ താനൂര്‍ മുന്‍സിപ്പാലിറ്റി വൈസ് ചെയര്‍പേഴ്‌സണ്‍ സുബൈദ അധ്യക്ഷയായിരുന്നു. പരപ്പനങ്ങാടി പിഡബ്ല്യുഡി ബില്‍ഡിംഗ് സബ്ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഗോപന്‍ മുക്കുളത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി പി മുസ്തഫ, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ടി.രാധിക, കൗണ്‍സിലര്‍മാരായ സി.പി നജ്മത്ത്, പി.ടി അക്ബര്‍, വിദ്യാകിരണം ജില്ലാ കോഡിനേറ്റര്‍ സുരേഷ് കൊളശ്ശേരി, താനൂര്‍ എ ഇ ഓ ശ്രീജ, താനൂര്‍ ബി പി സി എന്‍. റിയോണ്‍ ആന്റണി, സ്‌കൂള്‍ മുന്‍ പ്രധാന അധ്യാപിക എം കെ ഷീജ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
0 Comments